Posted On: March 30th 2024, 08:31 am
ഈ കണ്ട കാലത്തോളം പാടത്തും പറമ്പിലും പണിയെടുത്ത ഒരിക്കൽ പോലും ടിവി കാണാത്ത കാളി എന്ന എന്റെ ഈ അമ്മയെ കോടി കണക്കിന് മലയാളികൾക്ക് മുന്നിൽ പരിചയപ്പെടുത്തി എന്നതും കോരന്റെ മകളെന്ന് വീണ്ടും വീണ്ടും വിളിച്ചു പറയാൻ കഴിഞ്ഞുവെന്നത് തന്നെയാണ് ഫ്‌ളവേഴ്‌സ് ടിവിയുടെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാമെന്ന തീരുമാനത്തിൽ എത്തിച്ചത്.. കയ്പ്പേറിയ ജീവിത അനുഭവം തന്നെയായിരുന്നു എന്നെ ഇവിടെ വരെ എത്തിച്ചത്. ജീവിതം പലരീതിയിൽ ഇപ്പോഴും സ്ട്രിഗിലിംഗ് അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും ഇങ്ങനെ കിട്ടുന്ന സന്തോഷങ്ങൾ മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ഉർജ്ജം പകരാൻ സാധിക്കുന്നുണ്ട്. ദൈവങ്ങളിൽ വിശ്വാസം ഉണ്ടോയെന്ന ചോദ്യത്തിന് മനുഷ്യരിലാണ് ഞാൻ ദൈവങ്ങളെ കണ്ടിട്ടുള്ളതെന്ന് പറയാൻ കാരണമായ മനുഷ്യരുണ്ടായിട്ടുണ്ട് ജീവിതത്തിൽ. ആരെയും എടുത്തു പറയുന്നില്ലെങ്കിലും അവർ ഓരോരുത്തരാണ് ഇന്ന് ഞാൻ ഇവിടെ എത്തി നിൽക്കാൻ കാരണമായത്..എന്റെ കഥയുടെ പൂർണ രൂപം ഇതെല്ലെങ്കിലും ഇതിൽ ഉണ്ട് എന്റെ ജീവിതം എന്തായിരുന്നുവെന്നത്.. പ്രോമോ കണ്ട് ഓരോരുത്തർ ഷെയർ ചെയ്യുമ്പോഴും മെസേജുകൾ വരുമ്പോഴും ബിന്ദു പി പി എന്ന നിങ്ങളുടെ ഈ കൂട്ടുകാരിയുടെ കണ്ണ് നിറയുന്നുണ്ട്..
ഞാൻ ജേർണലിസം പഠിക്കാൻ പോയപ്പോൾ അച്ഛാ ചേച്ചിയോട് ചോദിച്ചത്രേ..
' ഇത് പഠിച്ചാ ഉണ്ണിമോളേ ടിവിയിൽ കാണുമോ എന്ന്..'
ഇന്ന് അച്ഛന്റെ മോൾ ടിവിയിൽ വന്ന് നിൽക്കുമ്പോൾ നിങ്ങളിത് കാണുന്നുണ്ടോ അച്ഛാ...
ഒരിക്കലും ഒന്നിനും അംഗീകാരങ്ങൾ കിട്ടാത്ത ഒരാളാണ് ഞാൻ. അതിനുള്ള കഴിവ് ഉണ്ടെന്ന് അവകാശപ്പെടുന്നുമില്ല.. ജോലി സംബന്ധമായി എഴുതാറുണ്ടെങ്കിലും എന്റെ ജീവിതവും എന്റെ അച്ഛനെ കുറിച്ച് എഴുതി തുടങ്ങിയപ്പോഴാണ് പലരും 'നല്ല എഴുത്ത് ' എന്ന് പറഞ്ഞു തുടങ്ങിയത്..
ട്രൂകോപ്പി എനിക്ക് തന്ന സ്പേസാണ് എന്നെ ഒരു കോടി എന്ന വേദിയിൽ എത്തിച്ചത്...
സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അറിയില്ല കണ്ണ് നിറയുന്നുണ്ട്...
അടുത്ത വ്യാഴാഴ്ച ഇത് നിങ്ങളിലേക്ക് എത്തുക്കയാണ്.. നിങ്ങൾ ഓരോരുത്തരും ഇത് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.. ആരെയും വേദനിപ്പിക്കാൻ ഒന്നും പറഞ്ഞിട്ടില്ല..ഇതെന്റെ ജീവിതം മാത്രമാണ്.. ഇനിയുള്ള യാത്രയിലും നിങ്ങൾ ഓരോരുത്തരും എന്റെയൊപ്പം ഉണ്ടാവണം.. ഓരോ മനുഷ്യന്റെ സ്നേഹം എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കാറുണ്ട്...
Load More