Posted On: July 6th 2026, 05:16 pm
🇧🇷⚽️❤️
ബ്രസീലിലൂടെയാണ് ഞാൻ ഫുട്ബോളിനെ അറിഞ്ഞത്.
മഞ്ഞ ജേഴ്സിയിലൂടെയും, പുഞ്ചിരിയോടെയുള്ള കളിയിലൂടെയും, പന്ത് കാലിൽ ഒട്ടിച്ചുവെച്ചതുപോലുള്ള മാന്ത്രികതയിലൂടെയും.
റൊണാൾഡോ നസാരിയോയുടെ പീക്ക് കാലം എന്റെ ഓർമ്മകളിലില്ല. 2002-ൽ ബ്രസീൽ ലോകകപ്പ് ഉയർത്തുമ്പോൾ എനിക്ക് വെറും നാല് വയസായിരുന്നു. 2004-ലെ കോപ്പ അമേരിക്കയും 2005-ലെ കോൺഫെഡറേഷൻസ് കപ്പും കണ്ട ഓർമ്മകളുമില്ല.
പക്ഷേ റൊണാൾഡോ നസാരിയോയുടെ പേര്... ആ മഞ്ഞ ജേഴ്സി... 2006 ലോകകപ്പിന്റെ വാർത്തകൾ... ഇതെല്ലാം മനസ്സിൽ എങ്ങനെയോ പതിഞ്ഞിരുന്നു. അന്നേ ആ രാജ്യത്തോടും ആ ഫുട്ബോളിനോടും ഒരു അടുപ്പം തോന്നിയിരിക്കണം.
പിന്നീടാണ് റോബിന്യോ എന്റെ ലോകത്തേക്ക് വരുന്നത്. എനിക്ക് സ്വന്തമായി ലഭിച്ച ആദ്യ ബ്രസീൽ ജേഴ്സിയും, ഞാൻ ഹൃദയംകൊണ്ട് ഇഷ്ടപ്പെട്ട ആദ്യ താരവും റോബിന്യോ തന്നെയായിരുന്നു.
അതിന് ശേഷം കക്കയെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങി. ഹൈലൈറ്റുകളിലും വീഡിയോകളിലും കണ്ട ആ ഓട്ടം, ആ ശാന്തത, ആ ക്ലാസ്... കക്കയും മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുറപ്പിച്ചു.
2010 ലോകകപ്പ് ഞാൻ കണ്ടിട്ടുണ്ട്. ആ ലോകകപ്പിൽ റോബിന്യോയെയും കക്കയെയും ഒരുമിച്ച് ബ്രസീലിനായി കളിക്കുന്നത് കാണാനും ഭാഗ്യമുണ്ടായി.
അവിടെ നിന്നാണ് ബ്രസീലിന്റെ ഓരോ താരങ്ങളെയും, ഓരോ തലമുറയെയും, പഴയ ഇതിഹാസങ്ങളെയും പുതിയ പ്രതിഭകളെയും തേടി അറിയാൻ തുടങ്ങിയത്.
അതിനുശേഷമാണ് ഒരു പുതിയ നമ്പർ 10 ബ്രസീലിന്റെ പ്രതീക്ഷയായി ഉയർന്നുവന്നത്...
നെയ്മർ.
റൊണാൾഡോയിൽ തുടങ്ങിയ യാത്ര... റോബിന്യോയിലൂടെ വളർന്നു... കക്കയിലൂടെ ഫുട്ബോളിന്റെ സൗന്ദര്യം കൂടുതൽ മനസ്സിലാക്കി... നെയ്മറിലൂടെ അത് ഒരു വികാരമായി മാറി.
ഇന്ന് ഞാൻ മനസ്സിലാക്കിയ ഒരു സത്യമുണ്ട്...
ബ്രസീലിയൻ ഫുട്ബോൾ ഒരിക്കൽ മനസ്സിൽ കയറിയാൽ പിന്നെ അത് ഒരു ടീമിനോടുള്ള ഇഷ്ടമല്ല... ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന ഒരു വികാരമാണ്. ആ കവിതയിൽ ലയിക്കാതെ കടന്നുപോകാൻ ആർക്കും കഴിയില്ല. അത്രയ്ക്ക് വശ്യതയുണ്ട് ആ രാജ്യത്തിന്റെ ഫുട്ബോളിന്.❤️🇧🇷
✒️@saad_v_a
Load More